Menu Close



Notifications & Announcements


26/12/2019

നൂറുൽ ഉലമ അവാർഡ് കോടമ്പുഴ ഉസ്താദിന്: 29 ന് സമ്മാനിക്കും


കാസർഗോഡ്: ശൈഖുനാ നൂറുൽ ഉലമാ എം. എ. ഉസ്താദിന്റെ സ്മരണാർത്ഥം മത, വൈജ്ഞാനിക, സേവന, രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് സഅദിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തുന്ന മൂന്നാമത് നൂറുൽ ഉലമാ അവാർഡ് പ്രമുഖ പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനും കോടമ്പുഴ ദാറുൽ മആരിഫ് സ്ഥാപകനുമായ ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാർക്ക് നൽകും. ധൈഷണിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. പ്രശസ്തിപത്രം ക്യാഷ് പ്രൈസ്, സ്ഥാന വസ്ത്രം എന്നിവ അടങ്ങുന്നതാണ് അവാർഡ്. 2019 ഡിസംബർ 29ന് നടക്കുന്ന സഅദിയ്യ ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിൽ സമ്മാനിക്കും. 1946 ലാണ് ബാവ മുസ്‌ലിയാരുടെ ജനനം. പഠനകാലത്ത് തന്നെ മലയാളത്തിൽ എഴുതി ത്തുടങ്ങിയ അദ്ദേഹം പാഠപുസ്തക രചനയിലൂടെ അറബി ഗ്രന്ഥ രചനയിലേക്ക് കടക്കുകയായിരുന്നു. നൂറാമത്തെ ഗ്രന്ഥമായ അൽ ഇസ്ലാം സമീപകാലത്താണ് ഇറങ്ങിയത്. 68 അറബി ഗ്രന്ഥങ്ങൾ ഇതുവരെ പുറത്തിറങ്ങി. ഖലമുൽ ഇസ്ലാം (ഇസ്ലാമിൻറെ തൂലിക) എന്ന പേര് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി, സയ്യിദുൽ ബഷർ, അബുൽ ബഷർ തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങൾ വിവിധ കോളേജുകളിൽ പഠന സിലബസാണ്. മുൻവർഷങ്ങളിൽ നിബ്രാസുൽ ഉലമ എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ ചിത്താരി ഹംസ മുസ്ലിയാർ എന്നിവർക്ക് അവാർഡ് സമ്മാനിച്ചിട്ടുണ്ട്. ഇതുസംബന്ധമായി ചേർന്ന എം യു എസ് കേന്ദ്രകമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഅദി ചെറുവാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്വീഫ് സഅദി കൊട്ടില സ്വാഗതവും ശറഫുദ്ദീൻ സഅദി നന്ദിയും പറഞ്ഞു .